Wednesday, May 26, 2010

ഗള്‍ഫ്‌ വിധവകള്‍

വന്ദിക്കുന്നതിനു പകരം നാരീജന്മങ്ങളെ നിന്ദിക്കുന്ന സമൂഹമാണു ഇന്നുള്ളത്.
പലപ്പോഴും ജീവിതത്തിൽ കൈപ്പിഴ സംഭവിച്ച ചില സ്ത്രീ ജന്മങ്ങൾ കാലാകാലങ്ങളായി ചാർത്തികൊടുത്തതായിരിക്കാം ഈ സംസ്കാരം!
നാണം കെട്ട ഈ രീതികളിൽ നിന്നു ഒരു മുക്തി എന്നെങ്കിലും കൈവരിക്കാനാകുമോ എന്നറിയില്ല!
പക്ഷെ....ഒരു യഥാർത്ഥ സ്ത്രീ എപ്പോഴും മാനസീക ശക്തിയുള്ളവളാണു.....
യാതൊരു പ്രലോഭനങ്ങൾക്കും വഴിപെടുന്നവളല്ല.
കുടുംബത്തിന്റെ ഐശ്വര്യമാണ്.
ഒരു നല്ല സമൂഹം അവൾക്കേ വാർത്തെടുക്കാവാനാകൂ.
സർവം സഹയായ ശ്രീരാമ പത്നിയാവട്ടെ നമ്മുടെ മാത്യക.
അഞ്ചുരൂപ കൊണ്ട് സാമൂഹ്യ പ്രവർത്തനത്തിറങ്ങി അഞ്ചുകോടിയിലേറെ പുണ്യം നേടിയ
ലോകത്തിന്റെ അമ്മയായ മദർ തേരേസയുടെ കാരുണ്യം നമുക്കു മനസിൽ കാത്തുവയ്ക്കാം.
ലോകത്തെ പാപത്തിൽനിന്നു രക്ഷിക്കാനായി സ്വന്തം പുത്രനെ കുരിശിൽ വിട്ടു കൊടുത്ത
പരിശ്ശുദ്ധ കന്യാമറിയത്തിന്റെ സമർപ്പണമനോഭാവവും അകമഴിഞ്ഞ സ്നേഹവും മനസിലുണ്ടാവട്ടെ!
നമുക്കെന്നും നിർമലരായിരിക്കാം...
സമൂഹത്തിന്റെ തിന്മകൾ നമ്മളെ വിഴുങ്ങാതിരിക്കട്ടെ!
തെറ്റിലേയ്ക്കു വീഴുവാൻ എളുപ്പമാണു....അതിൽ നിന്നും മോചനം പിന്നെ മരണവും ആണ്.
നമെല്ലാം മനുഷ്യജന്മങ്ങൾ....ബലഹീനതകളുടെ കൂടപിറപ്പുകൾ!
പക്ഷെ....ആ ബലഹീനതകളെ അതിജീവിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നതു....അല്ലാത്തപക്ഷം....മനുഷ്യനും മ്യഗങ്ങളുംസമം.
ശ്രീ എൻ.സ് .ജ്യോതികുമാറിന്റെ ഈ ലേഖനം ഒരു തിരിച്ചറിവാകട്ടെ ....വഴിതെറ്റിനടന്നവർക്ക്
ശ്രീ എൻ. സ് . ജ്യോതികുമാറിനു പെണ്‍കൂട്ടത്തിന്‍റെ അഭിനന്ദനങ്ങൾ...ഈ തുറന്നെഴുത്തിന്



Name: N S Jyothikumar
Gmail: nsjyothi@gmail.com
Blog:

ഗള്‍ഫ്‌ വിധവകള്‍


ഒരു വിരല്‍ സ്പര്‍ശം മതി ആ ശില മോഹിനിയാകാന്‍,
ഒരു നോട്ടം മാത്രം മതി ആ തളര്‍ന്ന വൃക്ഷത്തിന് തളിര്‍ക്കാന്‍ ,
പൂക്കാന്‍,കായ്കള്‍ നിറഞ്ഞിങ്ങനെ കാറ്റിലാടാന്‍,
ഒരു മൂളിപ്പാട്ട് മതി നഖം കടിക്കാന്‍ ,
പഴയൊരു സിനിമ ഡയലോഗ് മതി പൊട്ടി പൊട്ടി ചിരിക്കാന്‍..
ഒരോളികണ്ണാല്‍ കതകു തുറന്നു തരും.ഒരു ഓര്കിട്ട് ചെടി കൊടുത്താല്‍ മതി എന്തും തരും..
ഒരു തമിഴ് സിനിമ സി ഡിയ്ക് പകരം എന്തും കിട്ടും.
ഇങ്ങനെ വാരികോരി തരുന്നവളാണ് അപ്പുറത്തെ വീട്ടിലെ ഗുല്ഫുകാരി ചേച്ചി.ഗുല്ഫിച്ചിയെന്ന ഗള്‍ഫുകാരന്റെ ഭാര്യ. എപ്പോഴും അത്തര്‍ പൂശും,ഇറുകിയ നൈറ്റി ഇട്ടു കാല്‍ വിരലുകളില്‍ റോസ്‌ ചായം തേച്ച്‌ തലമുടിയില്‍ പൂമ്പാറ്റ ക്ലിപ്പ് വച്ച് എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന ചേച്ചി.
വലിയ ടി വിയില്‍ സീരിയല്‍ കാണുന്ന ചേച്ചി പുറത്തു പോയി വരുമ്പോള്‍ ആട്ടോക്കാരന് അമ്പതു രൂപ ടിപ്പു കൊടുക്കും.ഇന്നും പല സ്ഥലങ്ങളിലും വലിയ മാറ്റമോന്നുമില്ലെന്നു തോന്നുന്നു ഈ ഇമേജിന് ..ഒന്നോര്‍ത്താല്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ മൊത്തമായി അനുഭവിക്കുന്ന പരിഹാസത്തെക്കാള്‍ എത്രയോ ക്രൂരമാണ് ഇവരുടെ പേരില്‍ മെനയുന്ന ഈ നിറം പിടിപ്പിച്ച കഥകള്‍.മൂന്നിലൊന്നു മലയാളി പുറത്താണ്.ഒരു കോടിയിലധികം മലയാളികള്‍ കേരളത്തിന്‌ വെളിയില്‍ ഉപജീവനം നടത്തുന്നു.
ഗള്‍ഫില്‍,അമേരിക്കന്‍ ഐക്യ നാടുകളില്‍ ,യുറോപ്പില്‍ ,കിഴക്കെനെഷ്യയില്‍, ഇന്ത്യയിലെ തന്നെ മഹാനഗരങ്ങളില്‍ ..അങ്ങിനെ എത്താത്ത ഇടങ്ങളും ചെയ്യാത്ത തോഴിലുകലുമില്ല ..ഗള്‍ഫ്‌ നാടുകളില്‍ മാത്രം ഏകദേശം മുപ്പതു ലക്ഷം മലയാളികളുണ്ട്.ഇവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ കുടുംബത്തോടൊപ്പം ഈ നാട്ടില്‍ കഴിയുന്നുള്ളൂ.കുടുംബ വിസ കിട്ടാനുള്ള ഉയര്‍ന്ന യോഗ്യത, കര്‍ശനമായ നിയമ നിബന്ധനകള്‍ ,ചെലവേറിയ താമസസൌകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭാസം അങ്ങിനെ നൂറു പ്രശ്നങ്ങളാല്‍ ചെറിയ തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാന്‍ കഴിയില്ല.ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയില്‍ ആണ്.ദുരിത പൂര്‍ണമായ ലേബര്‍ ക്യാമ്പുകളില്‍ ആണ് അവരില്‍ മിക്കവരും കഴിഞ്ഞു കൂടുന്നത്.
മിക്ക സ്ഥലത്തെയും വാസം നരകതുല്യമാണ്. ഈ ഒടുങ്ങാ വറുതിയുടെ ബാക്കിയാണ് ,കാക്ക കാലിന്റെ തണല്‍ പോലുമില്ലാത്ത മരുഭൂമിയിലെ ഉരുകിയൊലിക്കലിന്റെ ഒസ്യതാണ് നാട്ടിലേക്കു അയച്ചു കൊടുക്കുന്ന പണം.ഇത്രയും അസൗകര്യങ്ങളുടെ ഒരു തൊഴില്‍ മേഖല കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടാകുമോ.ചന്നംപിന്നമായി പോകുന്ന ജീവിതം ഒരു ഭാരം പോലെ കൊണ്ട് നടക്കുന്നവരുടെ ഇണകളാണ് നാട്ടില്‍ പരിഹാസ കഥയിലെ നായികമാര്‍.കേക്കും ഫ്രൂട്ടിയും മാത്രം കഴിക്കുന്നവരെന്നും എഴുന്നൂറ് രൂപയുടെ അടിവസ്ത്രം ധരിക്കുന്നവള്‍..അങ്ങിനെ എത്രയോ മേമ്പൊടി ചായക്കട വര്‍ത്തമാനങ്ങള്‍.മഹാഭൂരിപക്ഷം ഗള്‍ഫ്‌ മലയാളികളുടെ ഭാര്യമാരും ''വിധവകളാണ് ''. ഒന്നോ ഒന്നരയോ മാസത്തെ അവധിയ്കാണ്‌ കല്യാണം കഴിക്കാന്‍ വരുന്നത്.നീണ്ട അന്വേഷണങ്ങല്കൊടുവില്‍ നടക്കുന്ന കല്യാണങ്ങള്‍ ..അത് കഴിഞ്ഞ ഉടനെ തിരികെ പോകാന്‍ സമയമാകും.ഒന്ന് മനസ്സ് തുറക്കാന്‍ കഴിയാതെ,ശരീരമൊന്നു നിറഞ്ഞു കാണാന്‍ കഴിയാതെ കരളു പറിച്ചു വീണ്ടും യാത്ര.ലേബര്‍ ക്യാമ്പ് ,കൊടും ചൂട് ,പന്ത്രണ്ടു മണിക്കൂര്‍ ജോലി ,നരച്ച മഞ്ഞ ബെഡ് ഷീറ്റ്, അപ്പൂപ്പന്‍ കോഴി,പൊട്ടിയ ക്ലോസേറ്റ് ..എല്ലാം പഴയതിലേക്ക്. നാട്ടില്‍ ഫോണൊച്ചകള്‍ക്ക് കാതോര്‍ത്തു കാത്തിരിക്കുന്ന ഉര്മിളമാര്‍ . വീട്ടുകാരുടെയും നാട്ടുകാരുടെയും കാഴ്ച വസ്തുവായി കഥനങ്ങളിലെ നായികയായി നീണ്ട കാത്തിരിപ്പിന്റെ തടവറയില്‍കരിയിലപോലെ ഉണങ്ങുന്ന ജന്മങ്ങള്‍.ഉടനെ വരമെന്നുമാശ്വസിപ്പിച്ചാണ് പലരും യാത്രയാകുന്നത്.രണ്ടു,മൂന്നു ചിലപ്പോള്‍ നാലു വര്ഷം.മറ്റു ചിലപ്പോള്‍ വിസ കുരുക്ക്, നിയമ പ്രശ്നങ്ങള്‍,സാമ്പത്തിക ബാധ്യത ..അങ്ങിനെ വര്‍ഷങ്ങള്‍ തന്നെ ഓടി മറയും.തിരിച്ചു വരവ് തന്നെ അസാദ്ധ്യമാകുന്നു.പറയുന്ന ഓരോ കള്ളങ്ങള്‍ക്കും ഒഴിവുകഴിവിനും മറുപടിയില്ലാതെ മൂളലിലും നിശ്വാസങ്ങളിലും ജീവിതം ഒളിപ്പിച്ചു കാത്തിരിക്കുന്ന വിരഹിണി.ഈ ജീവിതം വൈധവ്യമാല്ലാതെ പിന്നെന്താണ്.ഇത് വിധുരത്വമാല്ലാതെ മറ്റെന്താണ്. ഹോമിക്കുക്ക എന്ന പദത്തിന്റെ പൂര്‍ണ അര്‍ഥം കാണാന്‍ കഴിയുന്നത്‌ ഈ ജീവിതങ്ങളില്‍ ആണ്.പിരിഞ്ഞിരിക്കുന്നവരുടെ മാനസിക സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി ഇനിയും ഒരു വിശദമായ പഠനം കേരളത്തില്‍ നടന്നിട്ടില്ല.വേര്‍പിരിയലിന്റെ ഈ പോരിച്ചിലില്‍ ഈ ഇണകള്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ വസന്ത്ങ്ങളാണ് .വന്ധ്യത ,വിഷാദരോഗം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത മുള്ളുകളുടെ നടുവിലിവര്‍ പെട്ട് പോകുന്നു.പ്രലോഭനങ്ങളെ അതിജീവിക്കാന്‍ വലിയ യുദ്ധങ്ങള്‍ തന്നെയാണ് ഇവര്‍ക് നടത്തേണ്ടി വരുന്നത്.വേദനകളുടെ രാമായണം അടക്കിപ്പിടിച്ചു കണ്ണീര്‍ പെയ്തു കൂടുന്ന ഉപ്പുകൂന മാത്രം സ്വന്തമായുള്ളവര്‍ .ഒരു ഗൗരവമുള്ള സാമൂഹ്യ പ്രശ്നമെന്ന നിലയില്‍ പരിഗണിക്കേണ്ടതിനു പകരം വഷളന്‍ വര്‍ത്തമാനങ്ങള്‍ കൊണ്ട് പരിഹസിക്കാനാണ് മിക്കവരും താത്പര്യപ്പെടുന്നത്.വിവഹാനന്തരമുള്ള ആദ്യ കാത്തിരുപ്പുകള്‍ ഒരു കൊടും വേദനയുടെ കുപ്പിച്ചില്‍ തോട്ടമാണ്. പതുക്കെ പതുക്കെ അത് ഒരു മരവിപ്പിന്റെ നിസംഗതയിലേക്ക്‌ വഴിമാറുന്നു.ഭാഗ്യമുണ്ടെങ്കില്‍ കിട്ടിയ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടെ ഭാവിയിലേക്ക് സ്വപ്നം കണ്ടു സ്വയം ആശ്വാസത്തിന്റെ തുരുത്തുകള്‍ പണിയുന്നു.കീറിപ്പോകുന്ന ജീവിത ചിന്തുകള്‍ കൂട്ടി വയ്കാനുള്ള തത്രപ്പാട്.മുപ്പതു വര്‍ഷമോക്കെ ഗള്‍ഫില്‍ നില്‍ക്കുന്ന ഒരാള്‍ നാട്ടില്‍ ആകെയുണ്ടാകുന്ന സമയം ചിലപ്പോള്‍ രണ്ടു വര്‍ഷമായിരിക്കും.അത്രയും തന്നെ കാലം നാട്ടില്‍ നില്ക്കാന്‍ കഴിയാത്ത എത്രയോ പേര്‍.ഇല്ലായ്മയുടെ പരിദേവനങ്ങള്‍ കൊണ്ട് കണ്ണീര്‍പ്പുഴ ഒഴുക്കാന്‍ അല്ല ഇവിടെ ശ്രമിക്കുന്നത്. എല്ലാവരും ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ഒരസ്വസ്തതയെ ഓര്‍മിപ്പിക്കുന്നുവെന്നു മാത്രം. അല്ലെങ്കിലും ഇല്ലായ്മകളുടെ വിരസ ഭാഷണങ്ങള്‍ എഴുതുമ്പോള്‍ നിറം ചേര്‍ക്കാന്‍ കഴിയാത്തത് ഒരു പരിമിതി കൂടിയാണ്.ചുട്ടു പോള്ളുന്നവന്റെ ഇണ ചൂടില്ലാത്തവള്‍..അത് മാത്രമാകുന്നു എല്ലാ പറച്ചിലെന്റെയും മായ്കാനാകാത്ത സത്യം.യുറോപ്പിലും അമേരിക്കയിലും ഗോള്‍ഫ് കളി പടര്‍ന്നു പിടിച്ച കാലം .കളി ഭ്രാന്തന്മാരായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വീട്ടില്‍ ഉപേക്ഷിച്ചു ''കോഴ്സുകള്‍ ''തേടി നടന്നു. കളിച്ചു തിമിര്‍ത്തു.ഇടയ്ക് മാത്രം വീട്ടില്‍ വന്നു.അങ്ങിനെയുള്ളവരുടെ ഭാര്യമാരെ മറ്റുള്ളവര്‍ കളിയാക്കി വിളിച്ചു ഗോള്‍ഫ് വിധവകള്‍ (golf widows ).അത് കളിയന്വേഷിച്ചു പോയ ഭ്രാന്തന്റെയും അവന്റെ പെണ്ണിന്റെയും കഥ. ഇത് ജീവിതത്തെ ഭ്രാന്തമായി അന്വേഷിച്ചലയുന്ന പാവം ഗള്‍ഫുകാരന്റെ പെണ്ണ് ,ഗള്‍ഫ്‌ വിധവ അല്ലെങ്കില്‍ gulf widow .

4 comments:

  1. തെറ്റുകളുടെ ലോകത്തു തെറ്റുകളില്ലാതെ ജീവിക്കുന്നവളാകട്ടെ എന്നും സ്ത്രീ.....എട്ടാ..അഭിന്ദനങ്ങൾ

    ReplyDelete
  2. വളരെ ഹൃദയസ്പര്‍ശിയായ ലേഖനം..
    അഭിനന്ദനങ്ങള്‍ ജ്യോതിയേട്ടാ...!

    ReplyDelete